മിമിക്രി കലാകാരന്റെ കൊലപാതകം; കാമുകിക്കും ക്വട്ടേഷൻ സംഘാംഗങ്ങൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കോട്ടയം: മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയടക്കം നാലു പേർക്കും ജീവപര്യന്തം ശിക്ഷ. ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷി (31)നെ കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്ജി വി.ബി.സുജയമ്മയാണ് ശിക്ഷ വിധിച്ചത്.

കേസിൽ ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.

2013 നവംബർ 23നു കേസിനാസ്പദമായ സംഭവം. എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്സിങ് എന്ന സ്ഥാപനത്തിൽ വെച്ച് ലെനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്ക് നയിച്ചത്. ക്രൂരമായ മർദ്ദനമേറ്റതാണ് മരണത്തിന് കാരണമായത്. പിന്നീട് മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബർത്തോട്ടത്തിൽ തള്ളുകയായിരുന്നു.

25,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. കാഞ്ഞിരപ്പള്ളി മുൻ ഡിവൈഎസ്പി എസ് സുരേഷ് കുമാർ, പാമ്പാടി മുൻ ഇൻസ്പെക്ടർ സാജു കെ വർഗീസ്, മുൻ എസ്ഐ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published.