സോഡാകുപ്പി കൊണ്ട് മസൂദിന്റെ തലയ്ക്ക് അടിച്ചത് അഭിലാഷ്; ഓടിയ പത്തൊമ്പതുകാരനെ പിന്തുടർന്നെത്തി ക്രൂര മർദ്ദനവും; പുത്തൂരിൽ ആൾകൂട്ടമർദ്ദനത്തിനിരയായ യുവാവ് മരിച്ചു

Add a review

കാസർകോട്: ആൾക്കൂട്ടമർദ്ദനത്തിനിരയായ യുവാവ് മരിച്ചു. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ്(19) ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിൽ, സുധീർ, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരാണ് അറസ്റ്റിലായത്.

മസൂദ് ഒരു മാസമായി കൂലിപ്പണിക്കായി കർണാടക സുള്ള്യയിലെ കളഞ്ചയിലെ മുത്തച്ഛൻ അബ്ദു മുക്രിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സുധീറും കൊല്ലപ്പെട്ട മസൂദും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ആ വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് മസൂദിനെ സുഹൃത്ത് ഇബ്രാഹിം വഴി വിഷ്ണുനഗരി എന്ന സ്ഥലത്തെ കടയ്ക്ക് സമീപത്തേക്ക് വിളിപ്പിച്ചു. ഇവിടെവച്ച് എട്ടംഗസംഘം മസൂദിനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു.

അഭിലാഷ് സോഡ കുപ്പി കൊണ്ട് മസൂദിന്റെ തലയ്ക്ക് അടിച്ചു. ഇതോടെ മസൂദും ഇബ്രാഹീമും രണ്ട് വഴിക്കോടി. മസൂദിനെ സംഘം പിന്തുടർന്ന് മർദിച്ചതായി പൊലീസ് പറയുന്നു. പുലർച്ചെ 1.30ഓടെ സമീപത്തെ കിണറിനടുത്ത് മസൂദിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. പിന്നീട് മംഗളൂരു ഫാസ്റ്റ് ന്യൂറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.