റൂട്ട് കനാൽ ശസ്ത്രക്രിയയിൽ പിഴവ്; മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി

Add a review

റൂട്ട് കനാൽ ശസ്ത്രക്രിയയിൽ നടന്ന ഗുരുതര പിഴവിൽ ജീവിതം വഴിമുട്ടി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടിൽ നിന്നും പുറത്തുപോകാൻ പോലും കഴിയാത്ത സാഹചര്യത്തിലായി താരം.

ബെംഗളൂരു സ്വദേശിയായ നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്തഡോക്ടർ നടിക്ക് ഉറപ്പും നൽകി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല.

ചികിൽസ സംബന്ധിച്ച് അപൂർണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് അവർ ആരോപിച്ചു. നടി ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. എഫ്‌ഐആർ (തമിഴ് ചിത്രം), 6 ടു 6 (കന്നഡ ചിത്രം) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട താരം സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാൽ ചികിത്സയ്ക്ക് വിധേയയായത്.

നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ്‌ ഇക്കാര്യം അറിയുന്നത്‌. അവർ ഇപ്പോൾ വീട്ടിൽ സുഖം പ്രാപിച്ചുവരികയാണ്

പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു പ്രായം. ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.

Leave a Reply