Add a review

Loading

കേരളത്തില്‍ വീണ്ടും മഴ ഭീതി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാർപ്പിക്കുകയാണ്.
അതേസമയം, ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അരുവാപ്പുരം പഞ്ചായത്തിൻ്റെ ഭാഗമാണ് കൊക്കാത്തോട്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാരമാർഗമായ കടത്തുവള്ളം ഉൾപ്പെടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും വെള്ളപ്പൊക്കമുണ്ടായി. അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കറിലും ഇതിനോടകം മലവെള്ളപ്പാച്ചിലുണ്ടായി . വില്ലുമല ആദിവാസി കോളനി പൂർണമായും ഒറ്റപ്പെട്ടു. പുലർച്ചയോടെ പെയ്ത മഴയെ തുടർന്നായിരുന്നു സംഭവം. മൂന്ന് കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഈ മേഖലയിൽ ശക്തമായ മഴ ഉണ്ടായത്. അത് പുലർച്ചെ വരെ നീണ്ടു. അമ്പതേക്കർ പാലത്തിനു മുകളിലൂടെ വെള്ളം ഒലിച്ചെത്തി. കുന്നിമാൻ തോട് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതാണ് മലവെള്ളപ്പാച്ചിലുണ്ടാവാൻ കാരണം.

Leave a Reply