സിനിമാ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന് പരുക്ക്

Add a review

ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ ആമിർ ഖാന്‍റെ കാലിന് പരിക്കേറ്റു. ആമിർ ഓടുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ആമിർ ഖാനെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി.

കാലിന് പരിക്കേറ്റെങ്കിലും ഷൂട്ടിംഗ് അവസാനിപ്പിക്കാൻ താരം വിസമ്മതിച്ചു. വേദനസംഹാരികൾ എടുത്തുകൊണ്ട് നടൻ വീണ്ടും അതേ സീക്വൻസുകൾ പൂർത്തിയാക്കി. കൊവിഡ് കാരണം ഷൂട്ടിംഗ് വളരെയധികം വൈകിയെന്നും ഈ അപകടം കാരണം ഷൂട്ടിംഗ് വീണ്ടും മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

അപ്രതീക്ഷിതമായി തനിക്ക് സംഭവിച്ച ഈ അപകടത്തിന്‍റെ പേരിൽ ക്രൂവിന്‍റെ ഒരു മിനിറ്റ് പോലും പാഴാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആമിർ പറഞ്ഞു. ആമിർ ഖാൻ പ്രൊഡക്ഷൻസ്, കിരൺ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലാൽ സിംഗ് ഛദ്ദയിൽ കരീന കപൂർ ഖാൻ, മോനാ സിംഗ്, ചൈതന്യ അക്കിനേനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ഇംഗ്ലീഷ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്‍റെ ഔദ്യോഗിക റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നടന്ന ചില പ്രധാന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.