അസാനി ഇന്ന് കരതൊടും: അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യത

Add a review

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തെക്കൻ, മദ്ധ്യ കേരളത്തിൽ മഴ പെയ്യുന്നത്. അസാനി ഇന്ന് കരതൊടും. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

ന്യൂനമർദ്ദത്തിന്റേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളം ഉൾപ്പെടെ പല ജില്ലകളിലും രാത്രിയും പുലർച്ചെയും മഴ തുടരുകയാണ്.

ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം അന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കേരളമില്ലെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകും.

Leave a Reply