ലിവർപൂളിനെ തകര്‍ത്ത് ആവേശത്തിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

Add a review

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മികച്ച ആക്രമണങ്ങളുമായാണ് ബാങ്കോക്ക് സെഞ്ച്വറി കപ്പ് മത്സരം തുടങ്ങിയത്. ആദ്യപകുതിയിൽ തന്നെ യുണൈറ്റഡിന് ലിവർപൂളിനെ തോൽപ്പിക്കാൻ കഴിഞ്ഞു. 12-ാം മിനിറ്റിൽ ജേഡന്‍ സാഞ്ചോയിലൂടെയാണ് യുണൈറ്റഡ് ലീഡ് നേടിയത്. 30-ാം മിനിറ്റിൽ ഫ്രെഡ് യുണൈറ്റഡിന്‍റെ ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റിന് ശേഷം ആന്‍റണി മാർഷ്യലും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ മുഹമ്മദ് സല, തിയോഗോ അല്‍ക്കാന്റ്ര അടക്കമുളള താരങ്ങളെ കളത്തിലിറക്കിയെങ്കിലും ചെമ്പടയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫാക്കുണ്ടൊ പെല്ലിസ്ട്രിയും ഗോൾ നേടിയതോടെ ലിവർപൂൾ പതനം ഉറപ്പിച്ചു.

യുണൈറ്റഡ് ടീം ഏറ്റവും മികച്ച ഗെയിം കളിക്കുന്നത് കളിക്കളത്തിൽ കണ്ടു. റെഡ് ഡെവിൾസിന്‍റെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നു. പുതിയ കോച്ച് എറിക് ടെൻ ഹാഗിൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ . ടെൻ ഹാഗ് ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞില്ല. ഓഗസ്റ്റിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന് മുന്നോടിയായി നിരവധി പ്രീ സീസൺ മത്സരങ്ങൾ യുണൈറ്റഡ് കളിക്കുന്നുണ്ട്. തുടക്കം മുതൽ നന്നായി കളിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ആരാധകർ.