കാനന പാത യാത്രാനുമതി ഇക്കുറിയും ഇല്ല ; മണ്ഡല മകര വിളക്ക് സുരക്ഷാ ക്രമീകരണ പുരോഗതി വിലയിരുത്തി

Add a review

ഇടുക്കി: നവംബര്‍ 16 ന് ആരംഭിക്കുന്ന മണ്ഡല മകര വിളക്ക് സുരക്ഷാ ക്രമീകരണ പുരോഗതി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം വിലയിരുത്തി. കാനന പാത യാത്രാനുമതി ഇക്കുറിയും ഉണ്ടാകില്ല. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ ഒറ്റവരിയായി ഗതാഗതം നിയന്ത്രിക്കും. ലീഗല്‍ മെട്രോളജി, ജില്ലാ സപ്ലൈ ഓഫീസ്, ഭക്ഷ്യ സുരക്ഷാ എന്നീ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണനിലവാരം, വില, തൂക്കം എന്നിവ പരിശോധിക്കും. അപായ സൂചനാ ബോര്‍ഡുകള്‍ ആവശ്യമായ ഇടങ്ങളില്‍ സ്ഥാപിക്കും. ഭക്തരെ സഹായിക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റുകള്‍ ആരംഭിക്കും. പീരുമേട് താലൂക്ക് ഓഫീസിലും മഞ്ചുമല വില്ലേജ് ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഏറ്റെടുക്കുന്ന സര്‍ക്കാര്‍ വാഹനത്തില്‍ ഡ്യൂട്ടി ബോര്‍ഡ് ഉണ്ടായിരിക്കണം. താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്ന് രജിസ്ട്രേഷന്‍ എടുക്കണം. രജിസ്ട്രേഷന്‍ എടുത്ത പ്രദേശത്ത് മാത്രമേ ഭക്ഷണം വിതരണം ചെയ്യാന്‍ പാടുള്ളൂ. അപകട മുന്നറിയിപ്പ് ദിശാ ബോര്‍ഡുകളില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറിയിപ്പ് രേഖപ്പെടുത്തണം. രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ ഡിഎംഒ യോട് ആവശ്യപ്പെട്ടു. മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുന്നതിന് ശുചിത്വ മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളും പദ്ധതി ആവിഷ്‌കരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വിശ്രമ കേന്ദ്രം, ശുചിമുറി, എന്നിവ തദ്ദേശ സ്ഥാപനം സജ്ജീകരിക്കണം. കുടിവെള്ള സൗകര്യം ജല അതോറിറ്റി ഒരുക്കും. ആരോഗ്യ വകുപ്പ് വൈദ്യ സഹായം നല്‍കും. പീരുമേട് തഹസീല്‍ദാര്‍ക്കാണ് ഏകോപന ചുമതല. നവംബര്‍ 15 നകം ഗതാഗതത്തിന് തടസ്സമായി പൊതുമരാമത്ത് റോഡിലേക്ക് നീണ്ടു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റുമെന്ന് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാഫര്‍ഘാന്‍ അറിയിച്ചു. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു.

പോലീസ് വിന്യാസം പൂര്‍ത്തിയായിട്ടുണ്ടെന്നും അസ്‌ക ലൈറ്റ് പോലുള്ള അടിയന്തര സുരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പ്രിതിനിധി യോഗത്തില്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍, കുമളി, മുക്കുഴി എന്നിവിടങ്ങളില്‍ എക്സൈസ് റെയ്ഡ് ആരംഭിക്കും. കുമളി കെ.എസ്.ആര്‍.ടി.സി എട്ട് ബസുകള്‍ സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിന് സജ്ജമാക്കി. തിരക്കു കൂടുന്നതനുസരിച്ച് കൂടുതല്‍ ബസ് സര്‍വ്വീസ ആരംഭിക്കുമെന്നും കെ.എസ്.ആര്‍.ടി.സി പ്രതിനിധി അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, പൊതുമരാമത്ത് റോഡ്സ്, കെട്ടിട വിഭാഗം മേധാവികള്‍, പോലീസ്, ബിഎസ്എന്‍എല്‍, ഡിറ്റിപിസി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍, ഫയര്‍ & റസ്‌ക്യു എന്നിങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനം വിശദീകരിച്ചു.

Leave a Reply