Add a review

Loading

പത്തനംതിട്ട : ബൈക്കിലെത്തി വീട്ടമ്മയുടെ മാല പറിച്ച കേസിലെ പ്രതികളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അൻവർഷാ മൻസിൽ ഷാഫി (24), കൊല്ലം താഴത്തുതല  തൃക്കോവിൽ വട്ടം ഉമ്മയനല്ലൂർ പേരയം ഫാത്തിമ മൻസിലിൽ  സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാലപറിച്ചതിനടക്കം നിരവധി മോഷണ കേസുകളിൽ പോലീസ് തിരഞ്ഞു വന്നവരാണിവർ.

കഴിഞ്ഞ മാസം 11 ന് ഉച്ചയ്ക്ക് ശേഷം കണിയാരേത്തുപടിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ അമ്പലക്കടവ് മണ്ണിൽ മേലേ മുറി മനോർമണിയമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണമാല ബൈക്കിൽ വന്ന പ്രതികൾ കവരുകയായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്.

പ്രതികൾ കൂടെക്കൂടെ മൊബൈൽ ഫോണുകൾ മാറ്റിയത്  ആദ്യം അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മാറിമാറി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും കണ്ടെത്തുകയായിരുന്നു. ഷാഫിയെ പേരയത്തു നിന്നും, സെയ്‌തലിയെ തൃക്കോവിൽ വട്ടം കുരിയപ്പള്ളിയിൽ നിന്നും പിടികൂടുകയാണുണ്ടായത്. അടൂർ, പത്തനാപുരം ഉൾപ്പെടെ പല പോലീസ് സ്റ്റേഷനുകളിലെയും മോഷണ കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply