മലപ്പുറത്തും മങ്കിപോക്‌സ്; യുഎഇയില്‍ നിന്നെത്തിയയാള്‍ ചികിത്സയില്‍

Add a review

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലും വീട്ടിലും ഉള്‍പ്പെടെ രോഗിയുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്

അതേസമയം തൃശൂരിലും മങ്കിപോക്സ് ആശങ്ക. രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിയായ കുട്ടിയെ ആണ് നിരീക്ഷണത്തിലാക്കിയത്. സൗദിയില്‍ നിന്നെത്തിയ കുട്ടി ആണ് . കുട്ടിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ആലപ്പുഴ ലാബില്‍ നിന്ന് എത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകൂ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രിന്‍സിപ്പാളിന്‍റെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.

കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 31കാരന്റെ നില തൃപ്തികരമാണ്. കഴിഞ്ഞ മേയ് 13ന് ദുബായിൽ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. നേരത്തെ കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്. ഷാർജയിൽ നിന്നെത്തിയ ഇയാൾ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് മങ്കിപോക്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി വീണാ ജോർജ് അറിയിച്ചു. ചിക്കൻപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവർക്ക് മങ്കി പോക്‌സ് ഇല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തിൽ മറ്റൊർക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താൻ സമാന ലക്ഷണമുള്ള സാമ്പിളുകൾ റാൻഡമായി പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

എയർപോർട്ടിൽ നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

monkey-pox-confirmed-malappuram-kerala