വിമാനത്താവളത്തിൽ വിജയ് സേതുപതിയുടെ സംഘത്തെ ആക്രമിച്ചത് മലയാളി; പ്രതി കസ്റ്റഡിയിൽ

Add a review

ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതിയുടെ സംഘത്തെ ആക്രമിച്ചത് മലയാളി. ബംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ജോൺസൺ എന്നയാളാണ് അക്രമം നടത്തിയത്. സിഐഎസ്എഫ് പിടികൂടിയ ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിജയ് സേതുപതിയുടെ സുഹൃത്തായ നടൻ മഹാ ഗാന്ധിയ്‌ക്കാണ് മർദ്ദനമേറ്റത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയും സംഘവും വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ വന്നതായിരുന്നു സംഘം. ഉടൻ സെൽഫി എടുക്കണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജോൺസൺ ഇവരുടെ അടുത്തേക്ക് ചെന്നു.

ഇയാൾ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അതിനാൽ ഇപ്പോൾ സെൽഫി എടുക്കാൻ സാധിക്കില്ലെന്ന് നടന്റെ സഹായി പറഞ്ഞു. തുടർന്ന് പ്രകോപിതനായ ഇയാൾ ആക്രമിക്കുകയായിരുന്നു. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന മഹാ ഗാന്ധിക്കാണ് മർദ്ദനമേറ്റത്. അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ ജോൺസൺ വിജയ് സേതുപതിയോടും സംഘത്തോടും മാപ്പ് പറഞ്ഞിരുന്നു. പ്രശ്‌നം അവിടെവെച്ച് തന്നെ പരിഹരിക്കപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Leave a Reply