Add a review

Loading

കൊല്ലം: പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറും സിപിഐയുമായുള്ള പോര് രൂക്ഷമാകുന്നു. കെബി ഗണേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രിയും സിപിഐ നേതാവുമായ കെ രാജു രം​ഗത്തെത്തി. പത്തനാപുരത്ത് വികസന മുരടിപ്പാണെന്നും ​ഗണേഷ്കുമാറിന് തലക്കനമാണെന്നും കെ രാജു പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ ​ഗണേഷ്കുമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിപിഐ നേതാവ് ആരോപിച്ചു.

മന്ത്രിയായിരിക്കുന്ന കാലത്ത് പോലും പത്തനാപുരത്ത് ഗണേഷ് കുമാർ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. അസൂയയും കുശുമ്പുമാണ് ഗണേഷ് കുമാറിന്. ഗണേഷ് കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐയിലെ ഒരു സംസ്ഥാന നേതാവിന് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കിട്ടിയത് എന്നാണ് പലപ്പോഴും ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ കത്തുമായി പോയാൽ കാനം രാജേന്ദ്രൻ അത് ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിടും. സിപിഐയുടെ മന്ത്രിസ്ഥാനങ്ങൾ ഗണേഷിന്റെ ഔദാര്യമല്ലെന്നും കെ രാജു പരിഹസിച്ചു. ഗണേഷ് സിപിഐക്കെതിരേ കാനം രാജേന്ദ്രന് പരാതി നൽകിയാൽ അതും ചവറ്റുകുട്ടയിൽ ഇടുമെന്നും കെ രാജു കൂട്ടിച്ചേർത്തു.

താൻ വനം മന്ത്രിയായിരിക്കെയാണ് ബഫർ സോൺ ഉണ്ടാക്കിയത് എന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ബഫർ സോൺ തീരുമാനിച്ചിട്ടുള്ളത്. അത് വനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്. എന്നാൽ ഗണേഷ് കുമാർ പറയുന്നത് പത്തനാപുരം നഗരത്തിൽ പോലും വ്യാപാരമോ നിർമാണമോ നടത്താൻ കഴിയില്ലെന്നാണ്. അത് തെറ്റായ പ്രചാരണമാണ്. സിപിഐയും സിപിഎമ്മും നല്ല ബന്ധമാണുള്ളത്. അത് തകർക്കാനാണ് ഗണേഷ് കുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പത്തനാപുരത്ത് ഏറെ നാളുകളായി സിപിഐയും ഗണേഷ് കുമാറും തമ്മിൽ പരസ്യ പോര് നടക്കുകയാണ്. ബഫർ സോൺ വിഷയത്തിൽ ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ നേരത്തെയും ഗണേഷ് കുമാറിനെതിരേ കെ രാജു രംഗത്ത് വന്നിരുന്നു. ഘടകകക്ഷിയിലെ ഞാഞ്ഞൂലുകളാണ് കേരള കോൺഗ്രസ് ബി എന്നും സിപിഐക്കെതിരേ പുലഭ്യം പറയാനാണ് ഗണേഷ് കുമാർ പത്തനാപുരത്ത് വരുന്നതെന്നുമായിരുന്നു കെ രാജുവിന്റെ വിമർശം.