ഡാമുകള്‍ തുറന്നതോടെ രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും: അതീവജാഗ്രത

Add a review

കേരള ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ കൂടുതൽ തുറന്നതോടെ ചാലക്കുടി പുഴയിൽ ജല നിരപ്പ് അപകടകരമാവിധം ഉയരുന്നു. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരു അടിവീതം ഉയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 1.5 മീറ്റർ ജല നിരപ്പ് ഉയരും. രാത്രിയോടെ മാത്രമേ തമിഴ്നാട്ടിൽനിന്നുള്ള വെള്ളം പൂർണായും ഇവിടെ എത്തിത്തുടങ്ങൂ.

പുഴയുടെ വൃഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെ രാത്രിയാണു തമിഴ്നാട് ഷോളയാറിലെ വെള്ളം തുറന്നു വിട്ടു തുടങ്ങിയത്. ഇവിടെനിന്നും എത്ര വെള്ളം കൂടി തുറന്നുവിടുമെന്നു വ്യക്തമല്ല.

പുഴയോരത്തുള്ളവരോടു ജാഗ്രത പുലർത്താനും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലത്തേക്കു മാറാനും നിർദേശം നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ വെള്ളം കടലിലേക്കു പോകുന്നത് ആശ്രയിച്ചാണ്  ഈ പ്രദേശത്തു  വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുക. ഉച്ചവരെ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. രാത്രി കടൽ കയറിയാൽ ഇതിന്റെ വേഗം കുറയുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തേക്കു മാത്രമായി പ്രത്യേക സുരക്ഷാ സേനയെ ഒരുക്കിയിട്ടുണ്ടെന്നു കലക്ടർ ഹരിത വി.കുമാർ പറഞ്ഞു.

Leave a Reply