ജീവിതം പറഞ്ഞ് ബ്രിട്ടന്റെ ഒളിംപിക് ചാംപ്യൻ മോ ഫറ

Add a review

ലണ്ടൻ: ഒമ്പതാം വയസിൽ തന്നെ അനധികൃതമായി ബ്രിട്ടനിലേക്ക് കൊണ്ടുവന്നതാണെന്ന് ഒളിംപിക് ചാംപ്യൻ മോ ഫറ വെളിപ്പെടുത്തി. തന്‍റെ യഥാർത്ഥ പേർ ഹുസൈൻ അബ്ദി കാഹിൽ എന്നാണെന്നും ജിബൂട്ടിയിൽ നിന്ന് ബ്രിട്ടനിൽ എത്തിയ ശേഷം കുട്ടിക്കാലത്ത് ബാല വേല ചെയ്തിട്ടുണ്ടെന്നും ഒരു അന്താരാഷ്ട്ര മാധ്യമം തയാറാക്കിയ ഡോക്യുമെന്‍ററിയിൽ ഫറ വെളിപ്പെടുത്തി. കിഴക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്ന് യുകെയിലെത്തിച്ച സ്ത്രീയാണ് മോ ഫറ എന്ന പേരിട്ടതെന്നും അത്‍ലറ്റ് പ്രതികരിച്ചു.

സൊമാലിയയിൽ നിന്ന് അഭയാർത്ഥിയായാണ് മാതാപിതാക്കൾക്കൊപ്പം യുകെയിൽ എത്തിയതെന്ന് ഫറ നേരത്തെ പറഞ്ഞിരുന്നു. ഫറായുടെ പുതിയ വെളിപ്പെടുത്തലിനെ യുകെയിലെ അഭയാർത്ഥി സമൂഹം സ്വാഗതം ചെയ്തു. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോയിലും 5,000, 10,000 മീറ്റർ ഓട്ടങ്ങളിൽ ഫറ സ്വർണം നേടിയിരുന്നു. 39 കാരനായ ഫറാ തന്‍റെ മാതാപിതാക്കൾ യുകെയിലേക്ക് വന്നിട്ടില്ലെന്ന് വെളിപ്പെടുത്തി. “ഞാൻ നിങ്ങൾ വിചാരിക്കുന്ന തരത്തിലുള്ള ആളല്ല, ആളുകൾക്ക് എന്നെ മോ ഫറാ ആയി അറിയാം. പക്ഷേ അത് എന്‍റെ പേരല്ല, അതല്ല സത്യം,” ഫറാ ഡോക്യുമെന്‍ററിയിൽ പറഞ്ഞു.

“എനിക്കു നാലു വയസ്സു പ്രായമുള്ളപ്പോൾ സൊമാലിയയിലെ ആഭ്യന്തര കലാപത്തിനിടെയുണ്ടായ വെടിവയ്പിലാണ് എന്റെ പിതാവ് കൊല്ലപ്പെടുന്നത്. മാതാവും മറ്റും സൊമാലിലാൻഡിലെ കൃഷിയിടത്തിലാണു താമസിക്കുന്നത്. ജിബൂട്ടിയിൽനിന്ന് ഒരു സ്ത്രീയാണ് എന്നെ യുകെയിലെത്തിച്ചത്. പേരു മുഹമ്മദ് എന്ന് പറയണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. വ്യാജരേഖകളും അവരുടെ കൈവശം ഉണ്ടായിരുന്നു” അയാൾ പറഞ്ഞു.