Add a review

Loading

മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മയായിട്ട് ആറ് വര്‍ഷം. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസില്‍ ഇടം പിടിച്ച മണി നാടന്‍ പാട്ടിനെ ജനകീയമാക്കി. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനായിരുന്നു കലാഭവന്‍ മണി.

ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മണി പ്രേക്ഷകരെ കൈയിലെടുത്തു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് തന്റെ കഥാപാത്രങ്ങളിലൂടെ മണി തെളിയിച്ചു. ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി.

രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും മണി അഭിനയിച്ചു. മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം.

 

Leave a Reply