Add a review

Loading

കീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയായ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി നവീനാണ് കൊല്ലപ്പെട്ടത്. മരണവിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഉണ്ടായ ഷെല്ലാക്രമണത്തിൽ ആണ് നവീൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. രാവിലെ മുതല്‍ പ്രദേശത്ത്തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു.

രണ്ട് കിലോമീറ്ററോളം നടന്ന് കടയിൽ എത്തി. നടക്കുന്ന വഴി സുഹൃത്തുക്കളോട് ഭക്ഷണത്തിനായുള്ള പണം അയക്കാനും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സുഹൃത്തുക്കൾ പണം നൽകി നവീൻ ഭക്ഷണവുമായി വരുന്നത് കാത്തിരിക്കുമ്പോഴാണ് മരണവാർത്ത എത്തുന്നത്.

ഒൻപത് പേരാണ് നവീനൊപ്പം ബങ്കറിൽ ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുറച്ച് പേരെ ഇന്നലെ രാത്രിയോടെ നാട്ടിൽ എത്തിച്ചിരുന്നു. നവീൻ ഉൾപ്പെടുന്ന സംഘമായിരുന്നു അടുത്തതായി നാട്ടിലേക്ക് വരാൻ ഇരുന്നത്. രാവിലെ ഫോണിൽ വിളിച്ച പിതാവിനോട് ഇക്കാര്യം നവീൻ പറഞ്ഞിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി പിതാവിനോട് കുറച്ച് പണം അയച്ചു നൽകാനും നവീൻ പറഞ്ഞിരുന്നു.

ഏറെ നേരം കഴിഞ്ഞും നവീനെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിലേക്ക് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. നവീനൊപ്പം ക്യൂവിൽ നിന്ന ഒരു സ്ത്രീയാണ് മരണവിവരം സുഹൃത്തുക്കളെ അറിയിച്ചത്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിയാണ് നവീൻ.

Leave a Reply