ക്രൂര മർദ്ദനമേറ്റ കുഞ്ഞിനെ കാണാൻ പിതാവ് എത്തി; ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: ക്രൂരമർദനമേറ്റ രണ്ടര വയസ്സുകാരിയുടെ കാണാൻ പിതാവ് ആശുപത്രിയിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് പിതാവ് എത്തിയത്. കുഞ്ഞിന്റെ സംരക്ഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭർത്താവുമായി വേർപിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം.

അതേസമയം, കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യിൽ 2 ഒടിവുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകളുടെ പാടുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാർ പറയുന്നത്. തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തിരുന്നു.

വിചിത്രമായ കാര്യങ്ങളാണ് അമ്മയും അമ്മൂമ്മയും ബാലക്ഷേമ സമിതിക്ക് മുന്നിൽ ആവർത്തിക്കുന്നത്. രണ്ടര വയസ്സുകാരിക്ക് അമാനുഷിക ശക്തിയുണ്ടെന്നും കുട്ടി സ്വയം ദേഹത്ത് മുറിവുകൾ ഉണ്ടാക്കുന്നു എന്നുമാണ് ‘അമ്മ പറയുന്നത്. കുട്ടിയുടെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന് ബാലക്ഷേമ സമിതി ചെയർമാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.