വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തുടങ്ങിയ തർക്കം അവസാനിച്ചത് അടിപിടിയിൽ; നാൽപ്പത്തിയെട്ടുകാരിയെ അയൽവാസികൾ ചേർന്ന് തല്ലിക്കൊന്നു

യുവതി വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ നടന്ന വാക്കേറ്റത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ ലീലാവതി ദേവി പ്രസാദ് (48) ആണ് കൊല്ലപ്പെട്ടത്. ബോയിസറിലെ ശിവാജി നഗറിൽ കഴിഞ്ഞ ഫെബ്രുവരി 10നാണ് സംഭവങ്ങളുടെ തുടക്കം.

കൊല്ലപ്പെട്ട ലീലാവതി ദേവി പ്രസാദിന്റെ (48) മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത് പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്. സ്റ്റാറ്റസ് ഇഷ്ടപ്പെടാത്ത അയൽക്കാരി പ്രീതിയോട് ഇത് സംബന്ധിച്ച് സംസാരിക്കുന്നതിനായി മാതാവിനെയും സഹോദരനെയും കൂട്ടി എത്തി. തുടർന്ന് സംസാരം വാക്കുതർക്കത്തിലും കയ്യാങ്കളിയിലും എത്തി. ഇതിനിടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ലീലാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അടിപിടിയെത്തുടർന്നുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ലീലാവതി ദേവി നൽകിയ പരാതിയിൽ ബോയിസർ പോലീസ് പതിനേഴുകാരിയ്ക്കും മാതാവിനും സഹോദരനും സഹോദരിക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കറക്ഷൻ ഹോമിലേയ്ക്ക് അയച്ചു.

Leave a Reply

Your email address will not be published.