ജലനിരപ്പ് 142 അടിയാക്കണമെന്ന് അണ്ണാ ഡിഎംകെ, പ്രതിഷേധവുമായി ബിജെപിയും; തമിഴ്നാട്ടിലും മുല്ലപ്പെരിയാര്‍ വിഷയം കത്തുന്നു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള നിലപാട് ഉയര്‍ത്തിയാണ് തമിഴ്നാട്ടില്‍ പ്രതിപക്ഷം പ്രതിഷേധം വ്യാപകമാകുന്നത്. ജലനിരപ്പ് 142 ആക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങി. തമിഴ്നാടിന്‍റെ അവകാശം വിട്ടുകൊടുക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും ഒ പനീര്‍സെല്‍വം ആവശ്യപ്പെട്ടു. 138 അടിയെത്തിയപ്പോള്‍ ഡാം തുറന്ന് വിട്ടത് കര്‍ഷകരോടുള്ള വഞ്ചനയെന്നാണ് അണ്ണാഡിഎംകെയുടെ ആരോപണം. കേരളവുമായി സ്റ്റാലിന്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച അണ്ണാഡിഎംകെ, പ്രതിഷേധ വേദിയില്‍ കേരള സര്‍ക്കാരിന് എതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തി.

ഇതിനിടെ മുല്ലപ്പെരിയാറില്‍ ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.