ജലനിരപ്പ് ഉയർന്നു; പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനത്തിനായി എന്‍ഡിആർഎഫ് ടീം ആറന്മുളയിൽ

Add a review

പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തങ്ങൾക്കായി 25 അംഗ NDRF ടീം ആറന്മുളയിൽ എത്തി. പമ്പ, അച്ചൻ കോവിൽ, മണിമല നദികളിൽ ജലനിരപ്പ് അപകട നിരപ്പ് കടന്നതിനെ തുടർന്നാണ് NDRF നെ ഇവിടേക്ക് നിയോഗിച്ചത്. പൊതുമരാമത്തു വകുപ്പ് വക ആറന്മുള സത്രത്തില്‍ ഏത് സാഹചര്യത്തെയും നേരിടാൻ എന്‍ഡിആര്‍എഫ്  സേനാംഗങ്ങൾ സജ്ജരാണ്.

മാവേലിക്കര – കോഴഞ്ചേരി സംസ്ഥാന പാതയിൽ ആറന്മുള സത്രത്തിന് മുന്നിൽ ഉച്ചയോടെ വെള്ളം കയറിയിട്ടുണ്ട്. പോലീസ് നിയന്ത്രണത്തിലാണ് ഇവിടെ വാഹനങ്ങൾ കടത്തി വിടുന്നത്. വള്ളസദ്യക്കായി വരുന്ന പള്ളിയോടങ്ങളുടെ സുരക്ഷക്കായി ഏർപ്പെടുത്തിയ ബോട്ടുകളും എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങളും സത്രക്കടവിലും പാർത്ഥസാരഥി ക്ഷേത്ര കടവിന് സമീപത്തുമായി ഉണ്ട്‌. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാ ദൗത്യങ്ങൾക്ക് ഇവയും ഉപയോഗപ്പെടുത്തും.

മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെ മി വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നത് മൂലം കക്കാട്ടാറിലും ജലനിരപ്പ് ഉയരുകയാണിപ്പോൾ. റാന്നി – കോഴഞ്ചേരി റോഡിൽ കിളിയാനിക്കൽ ഭാഗത്തു വെള്ളം കയറി. ഇവിടെയും ഗതാഗത നിയന്ത്രണമുണ്ട്.

Leave a Reply