Add a review

Loading

ഇന്ത്യൻ സൈന്യത്തിൻ്റെ കരുത്തിനും മനോബലത്തിലും മുന്നിൽ പാകിസ്ഥാൻ പരാജയപ്പെട്ട ദിവസമാണ് 1971 ഡിസംബർ 16. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം ഭയപ്പാടാടെ നോക്കിക്കണ്ട യുദ്ധം കൂടിയായിരുന്നു 1971ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധം. 1971 ഡിസംബർ മൂന്ന് മുതൽ 16വരെ നീണ്ടുനിന്ന ഈ യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിൻ്റെ പിറവിക്ക് കാരണമായതെന്ന കാര്യം ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജീവത്യാഗം വരിച്ച ഇന്ത്യൻ സൈനികരെ ഓർക്കാനുള്ള ദിവസം കൂടിയാണ് ഡിസംബർ 16 എന്ന ‘വിജയ് ദിവസ്’. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും ഇതേ ദിവസം ‘വിജയ് ദിവസ്’ ആയി ആഘോഷിക്കുന്നുണ്ട്.

രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ത്യയിലുടനീളം വിജയ് ദിവസിന്റെ വാർഷികം ആചരിക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലാണ് വാർഷികം ആചരിക്കുന്നത്. മുൻനിര രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഇന്ത്യൻ സേനയുടെ മൂന്ന് വിഭാഗങ്ങളുടെയും തലവൻമാരും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യും.

ഇന്ത്യ – പാക് വിഭജനത്തിന് ശേഷം കിഴക്കൻ മേഖലയിൽ പാക് ഭരണകൂടത്തിനെതിരെ ശക്തമായ ജനവികാരം പ്രക്ഷോഭത്തിലേക്ക് നീങ്ങിയതാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിച്ചത്. പാകിസ്ഥാൻ സൈന്യത്തിൻ്റെ നീക്കങ്ങൾ ഇന്ത്യൻ പട്ടാളം തകർത്തതോടെ കിഴക്കൻ മേഖലയിൽ നിയന്ത്രണങ്ങൾ നിലനിർത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി.  കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്തിരിയാൻ ആരംഭിച്ചു.  1971 ഡിസംബർ 16ന് പാകിസ്ഥാൻസൈനിക മേധാവി ജനറൽ അമീർ അബ്ദുല്ല ഖാൻ നിയാസിയും 93,000 സൈനികരും ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

 

 

Leave a Reply