സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായി; വിവാഹം അമേരിക്കയിൽ

Add a review

വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി. കഴിഞ്ഞ കുറേ നാളുകളായി നടി രണ്ടാമതും വിവാഹിതയാവുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പമുള്ള അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഡിസംബര്‍ ഏഴിന് നടി വിവാഹിതയാവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് താരം ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായതോടെ അര്‍ച്ചനയുടെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായി.

ഒടുവില്‍ ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ കാത്തിരുന്നത് പോലെ ആ സന്തോഷ വാര്‍ത്ത അറിയിച്ച് അര്‍ച്ചന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് നടി പങ്കുവെച്ചത്. ഒപ്പം വിവാഹിതയായതിനെ കുറിച്ചും നടി പറയുന്നു. ഇതിന് താഴെ മുന്‍നാത്തൂനായ ആര്യ അടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസ അറിയിച്ചത്.

പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകല്‍പന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. എന്നുമാണ് അര്‍ച്ചന പറയുന്നത്. വിവാഹ വേഷത്തില്‍ പ്രവീണിനൊപ്പം ഇരിക്കുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. പിന്നാലെ വധുവരന്മാരെ എടുത്തുയര്‍ത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയില്‍ വെച്ച് നടത്തിയതിനാല്‍ ഫ്‌ളാറ്റിനുള്ളില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നാണ് വ്യക്തമാവുന്നത്. വരും ദിവസങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷങ്ങള്‍ നടി തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്.

Leave a Reply