Add a review

Loading

സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ ഓഫ്‌ലൈൻ ആയിത്തന്നെ നടത്തും. പരീക്ഷകൾ ഓൺലൈൻ ആക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തുന്നതിന് എതിരായി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതി പറഞ്ഞു.

പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെറ്റായ സന്ദേശം നൽകുന്നതാണ് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകൾ എടുത്തുതീർത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ പരീക്ഷ നടത്തണമെന്ന ഹർജി നൽകിയത്. ജസ്റ്റിസ് എഎം ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.ക്ലാസുകൾ എടുത്തുതീർക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് കോടതി കഴിഞ്ഞദിവസം വാക്കാൽ പരാമർശിച്ചിരുന്നു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷവും സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വർഷവും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞു.

കോടതി ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞ വർഷം പരീക്ഷാ നടത്തിപ്പിനായി പ്രത്യേക സ്‌കീം ഉണ്ടാക്കിയത്. ഈ വർഷവും സമാനമായ ഒന്നു വേണ്ടതുണ്ടെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോർഡ് പരീക്ഷ ഏപ്രിൽ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply