സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ്; കുതിച്ചുയർന്ന് ടിപിആർ

Add a review

സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് 528 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4749 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകൾ പരിശോധിച്ചു.

തിരുവനന്തപുരത്ത് തന്നെയാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂർ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂർ 649, ഇടുക്കി 594, വയനാട് 318, കാസർഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,13,251 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4419 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,03,864 കൊവിഡ് കേസുകളിൽ, 4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 150 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂർ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂർ 289, കാസർഗോഡ് 103 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,23,430 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Leave a Reply