രണ്ടാനച്ഛന്റെ ക്രൂര മർദ്ദത്തിനിരയായ രണ്ടു വയസുകാരി വെന്റിലേറ്ററിൽ

Add a review

എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ മർദ്ദനത്തിൽ രണ്ടരവയസുകാരിക്ക് ഗുരുതര പരിക്ക്. കുട്ടിയുടെ തലക്കാണ് മർദ്ദനത്തിൽ കൂടുതൽ പരിക്ക് പറ്റിയിട്ടുള്ളത്. തലയോട്ടി പൊട്ടിയതായാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ മുഖത്തും കാര്യമായ പരിക്കുകളുണ്ട്.

നിലവിൽ രണ്ടരവയസുകാരി കോലഞ്ചേരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. കുട്ടിയുടെ പരിക്കുകൾ കണ്ട ഡോക്ടറുടെ ചോദ്യത്തിന് ഇരുവരും വ്യത്യസ്തമായ രീതിയിലാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടിയൽ മുകളിൽ നിന്ന് വീണാണ് തലയ്‌ക്ക് പരിക്കേറ്റെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. എന്നാൽ അമ്മൂമ്മ പറഞ്ഞത് ആരക്കയോ ചിലർ ചേർന്ന് അടിച്ചെന്നാണ്.

രണ്ടു പേരുടെയും ഉത്തരത്തിലും പെരുമാറ്റത്തിലും ഡോക്ടർക്ക് സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്‌തപ്പോഴാണ് രണ്ടാനച്‌ഛൻ ഉപദ്രവിച്ചതാണെന്നുള്ള വിവരം പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം രാത്രി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാണെന്ന് മനസിലാക്കി കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ അവിടെയുള്ള ഡോക്ടർമാർ പറയുകയായിരുന്നു.

ഒരു ദിവസത്തെ മർദ്ദനമല്ലെന്നും ഏതാനും ദിവസങ്ങളായി തുടർച്ചയായി കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പൊലീസ് ആശുപത്രിയിലെത്തി മൊഴി ശേഖരിക്കുകയാണ്.

Leave a Reply