മരണത്തിൽ നിന്ന് അമ്മയെ ജീവിതത്തിലേക്കു പിടിച്ചു കയറ്റിയത് 14 വയസ്സുകാരൻ മകൻ; ഒഴുകിപ്പോകുമായിരുന്ന അമ്മയുടെ കൈകളിൽ പിടിച്ച് കനാലിലെ പൈപ്പിൽ തൂങ്ങിക്കിടന്നത് പത്തു മിനിറ്റോളം

Add a review

ആയൂർ: മരണത്തിൽ നിന്ന് ബിന്ദുവിനെ ജീവിതത്തിലേക്കു പിടിച്ചു കയറ്റിയത് 14 വയസ്സുകാരൻ മകൻ അലൻ. ഒഴുകിപ്പോകുമായിരുന്ന അമ്മയുടെ കൈകളിൽ മുറുകെ പിടിച്ച് കനാലിലെ പൈപ്പിൽ അലൻ തൂങ്ങിക്കിടന്നത് പത്തു മിനിറ്റോളം. അലന്റെ മനക്കരുത്തും കൈക്കരുത്തും കൊണ്ട് മാത്രമാണ് ബിന്ദു ഇന്ന് ജീവിച്ചിരിക്കുന്നത്.

അടൂരിൽ കാർ കനാലിലേക്കു മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ച അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇളമാട് അമ്പലംമുക്ക് കാഞ്ഞിരത്തുംമൂട്ടിൽ ബിന്ദുവും (36) മകൻ അലനും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. രക്ഷപ്പെട്ട ബിന്ദുവി​ന്റെ അമ്മ ഉൾപ്പടെ അപകടത്തിൽ മരിച്ചിരുന്നു. തേവന്നൂർ ഗവ. എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അലൻ. അമ്മയെ സുരക്ഷിതയാക്കാൻ കഴിഞ്ഞെങ്കിലും അമ്മാമ്മ ഇന്ദിരയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണവൻ.

‘കനാലിലേക്ക് മറിഞ്ഞ കാറിൽ നിന്ന് ഡ്രൈവർ ശരത്താണ് ആദ്യം പുറത്തിറങ്ങിയത്. ഞാനും അമ്മയും കാറിന്റെ പിൻസീറ്റിലായിരുന്നു. ഞങ്ങൾ ഇരുന്ന വശത്തെ ഡോർ തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഗ്ലാസ് തകർത്ത് ആദ്യം അമ്മയെ പുറത്തിറക്കി പിന്നാലെ ഞാനും ഇറങ്ങി. അമ്മ വെള്ളത്തിൽ മുങ്ങിപ്പോകുന്നതു കണ്ടു ഞാൻ കയ്യിൽ മുറുകെ പിടിച്ചു. അപ്പോഴേക്കും കനാലിലെ പൈപ്പിൽ പിടികിട്ടി.കാർ വെള്ളത്തിൽ താഴ്ന്ന് തുടങ്ങിയിരുന്നു. അമ്മ ഇടയ്ക്കിടെ വെള്ളത്തിലേക്കു മുങ്ങിപ്പോയി. അപ്പോഴെല്ലാം കാലു കൊണ്ട് ഞാ‍ൻ വെള്ളത്തിനു മുകളിലേക്ക് ഉയർത്തി നിർത്തി. ഞാൻ ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് ആളുകൾ ഞങ്ങളുടെ അടുത്തെത്തുമ്പോഴും അമ്മ എന്റെ കയ്യിൽ പിടിച്ചു കിടക്കുകയായിരുന്നു.അവർ എന്നെ മുകളിലേക്കു വലിച്ചു കയറ്റുന്നതിനിടെ പിടിവിട്ട് അമ്മ വെള്ളിത്തിലേക്ക് ഒഴുകിപ്പോയി. തുടർന്ന് രക്ഷാപ്രവർത്തകർ അമ്മയെ രക്ഷിച്ച് കരയിൽ എത്തിക്കുകയായിരുന്നു’– അലൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, ഏത് സമയത്തും വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

അതേസമയം കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് മോട്ടോർ വാഹന വകുപ്പ്. ബ്രേക്ക് ഉൾപ്പെടെ വാഹനത്തിന് മറ്റു തകരാറുകളില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a Reply