പ്രസവവാർഡിൽ പരീക്ഷ; കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ ബോർഡ് പരീക്ഷ എഴുതി 18കാരി അമ്മ

Add a review

മാൾഡ: പശ്ചിമ ബംഗാളിൽ കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ 18 കാരിയായ അമ്മ ബോർഡ് പരീക്ഷ എഴുതി. അഞ്ജര ഖാത്തൂൺ എന്ന യുവതിയാണ്, പെൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ പശ്ചിമ ബംഗാൾ മധ്യമിക് ബോർഡ് പരീക്ഷയിൽ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ മാൾഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂരിലെ നാനാറായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയുടെ ആവശ്യം മാനിച്ച്, ജില്ലാ ഭരണകൂടം പ്രാദേശിക ആശുപത്രിയിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കി.

ഇതോടെ പെൺകുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ അമ്മ പരീക്ഷയ്ക്ക് ഹാജരായി. പരീക്ഷാർത്ഥിയുടെ അപേക്ഷയിൽ ജില്ലാ ഭരണകൂടം ആശുപത്രിയെ പരീക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഹരിശ്ചന്ദ്രപൂരിലെ നാനാറായി ഗ്രാമത്തിലാണ് സംഭവം. ഹരിശ്ചന്ദ്രപൂർ കിരൺബാല ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അഞ്ജര ഖാത്തൂൺ. പെൺകുട്ടിയുടെ പരീക്ഷാ കേന്ദ്രം ഹരിശ്ചന്ദ്രപൂർ ഹൈസ്കൂളായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഹരിശ്ചന്ദ്രപൂർ റൂറൽ ഹോസ്പിറ്റലിൽ അഞ്ജര പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവശേഷം തനിക്ക് പരീക്ഷ എഴുതണമെന്ന് അഞ്ജര ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് ആശുപത്രിയിൽ സൗകര്യമൊരുക്കുകയായിരുന്നു.

കുഞ്ഞിനെയും അമ്മയെയും സ്പെഷ്യൽ വാർഡിലേക്ക് മാറ്റി. സ്ഥലത്ത് നിരീക്ഷണത്തിനായി പോലീസിനെയും വിന്യസിച്ചു. “ഇന്ന് രാവിലെ കുഞ്ഞ് ജനിച്ചു. ഇന്ന് മുതൽ പരീക്ഷയും ആരംഭിച്ചു “ അഞ്ജര ഖാത്തൂൻ പറഞ്ഞു. “ഞങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യമിക് വിദ്യാർത്ഥി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിൽ വച്ചു ബോർഡ് പരീക്ഷ എഴുതാൻ പെൺകുട്ടി ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തു” ഹരിശ്ചന്ദ്രപൂർ റൂറൽ ഹോസ്പിറ്റലിലെ ബ്ലോക്ക് ഹെൽത്ത് ഓഫീസർ സുവേന്ദു ഭക്ത പറഞ്ഞു.

Leave a Reply