ദേശാഭിമാനം വ്രണപ്പെടുത്തി : ”സജി ചെറിയാനെതിരേ കേസെടുത്തു” മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

Add a review

തിരുവല്ല∙ ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ കീഴ്‌വായ്പൂര് പൊലീസ് കേസെടുത്തു. സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്‌വായ്പൂര് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു നൽകിയിരുന്നു.

കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി.  ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.  മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ‌വേദിയിലുണ്ടായിരുന്ന എംഎൽഎമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴിയെടുക്കും.

തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ റാവുത്തറിനാണ് അന്വേഷണച്ചുമതല. പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ലിക് പ്രോസിക്യൂട്ടർക്കു നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നു ടി.രാജപ്പൻ റാവുത്തർ പറഞ്ഞു.

പ്രസംഗത്തിന്റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ നിയമോപദേശം നൽകാൻ കഴിയൂവെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ.സി.ഈപ്പൻ പൊലീസിനെ അറിയിച്ചു. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികളിലേക്കു കടക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. വിവാദ പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വേറെ 9 പരാതികൾ കൂടി ഡിവൈഎസ്പിക്കു ലഭിച്ചിട്ടുണ്ട്.

Leave a Reply