ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ബലാത്സംഗം ചെയ്തു; പ്രതി സുജീഷ് അറസ്റ്റിൽ

Add a review

കൊച്ചി: ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി സുജീഷ് അറസ്റ്റിൽ. കൊച്ചി നഗരത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. നടപടി ക്രമങ്ങൾക്കായി ഇയാളെ ചേരാനെല്ലൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾ സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു. യുവതികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

കൊച്ചിയിലെ ഇൻക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പോലീസ് കമ്മീഷ്ണർ നാഗരാജു നേരത്തെ പറഞ്ഞിരുന്നു. സുജേഷിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും കമ്മീഷ്ണർ അറിയിച്ചിരുന്നു. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എവിടെയാണ് ഒളിവിൽ കഴിയുന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ചേരാനല്ലൂരിലെ സ്ഥാപനത്തിൽ നടത്തിയ പോലീസ് പരിശോധനയിൽ സ്റ്റുഡിയോയിലെ കംപ്യൂട്ടർ, ഹാർഡ് ഡിസ്ക് , സിസിടിവി, ഡിവിആർ എന്നിവ പിടിച്ചെടുത്തു. ഈ സ്റ്റുഡിയോക്ക് പുറമെ കൊച്ചിയിലെ മറ്റ് സ്റ്റുഡിയോകളിലും പോലീസ് പരിശോധന നടത്തി. കൊച്ചിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് ആദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.

ആറ് യുവതികളാണ് ഇയാൾക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്. സ്വകാര്യ സ്ഥലങ്ങളിൽ ടാറ്റൂ വരക്കുന്നതിനിടെ പ്രതി തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. സംഭവത്തിൽ പാലാരിവട്ടം, ചേരാനെല്ലൂർ സ്റ്റേഷനുകളിലായാണ് കേസുകൾ എടുത്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2017 മുതൽ തുടങ്ങിയ പീഡനങ്ങളെ കുറിച്ചാണ് യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാനെന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പെൺകുട്ടികളുടെ മൊഴിയിലുണ്ട്.

Leave a Reply