ഉപ്പിലിട്ടത് കഴിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവം; കോഴിക്കോട് തട്ടുകടകളില്‍ പരിശോധന

Add a review

കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം. ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പരിശോധന നടത്തുക. കഴിഞ്ഞ ദിവസം വരക്കല്‍ ബിച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളമാണെന്ന് കരുതി കുപ്പിയില്‍ ഇരുന്ന പാനീയം കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് തീരുമാനം.

ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും സംയുക്തമായി ചേര്‍ന്നാണ് പരിശോധന നടത്തുക. ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക് ആസിഡ് ഉപയോഗിക്കാവൂ. എന്നാല്‍ ഉപ്പിലിടുന്ന വസ്തുക്കള്‍ പെട്ടെന്ന് പാകപ്പെടുന്നതിനായി വീര്യം കൂടുതലുള്ള അസറ്റിക് ആസിഡും മറ്റ് രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടര്‍ന്ന് വരക്കല്‍ ബീച്ചിലെ തട്ടുകടകളില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച് ഉപ്പിലിട്ട പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കാസര്‍ഗോഡ് മദ്രസയില്‍ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് എത്തിയ കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply